കണ്ണൂർ: നാളെ മുതൽ 30 വരെ നടക്കുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം.
ബാങ്കുകൾക്കുള്ള ഭരണപരമായ പിന്തുണ, സുരക്ഷാ ക്രമീകരണങ്ങൾ, മുൻകരുതൽ നടപടികൾ എന്നിവ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലിസ് മേധാവിമാർക്കും നിർദേശങ്ങൾ നൽകി. തുടർച്ചയായി മൂന്നുദിവസം അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ബാങ്കുകളും സുപ്രധാന ആസ്തികളും സംരക്ഷിക്കുന്നതിന് സർക്കാരിന്റ പിന്തുണ തേടി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബാങ്കുകൾക്കും ഫീൽഡ് ഓഫിസുകൾക്കും ആവശ്യമായ എല്ലാവിധ പിന്തുണയും ജില്ലാ കളക്ടർമാർ ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ബാങ്ക് ശാഖകൾ, കറൻസി ചെസ്റ്റുകൾ, ഭരണകാര്യ ഓഫിസുകൾ, എടിഎം ശൃംഖലകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ പൊലിസ് മേധാവികൾ മതിയായ പൊലിസ് ഉദ്യോഗസ്ഥരെയും പട്രോളിംഗ് സംഘങ്ങളെയും നിയോഗിക്കണം. വാണിജ്യ കേന്ദ്രങ്ങൾക്കും സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകണമെന്നും പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്.
അടിയന്തര സാഹചര്യങ്ങളും ക്രമസമാധാന പ്രശ്നങ്ങളുമുണ്ടായാൽ കൈകാര്യം ചെയ്യുന്നതിന് ജില്ലാ തലത്തിൽ മുൻകരുതൽ സംവിധാനമൊരുക്കണം. ജില്ലാ ഭരണകൂടം, പൊലിസ്, ട്രഷറി ഉദ്യോഗസ്ഥർ, ബാങ്കുകളുടെ പ്രതിനിധികൾ എന്നിവർക്കിടയിൽ ഏകോപനം ഉറപ്പാക്കണം. ബാങ്കുകൾ, കാഷ് കൗണ്ടറുകൾ, ശാഖകൾ, പ്രധാന ആസ്തികൾ എന്നിവയുടെ സുരക്ഷയ്ക്കായി സമഗ്രമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ തടസപ്പെടുകയോ സുരക്ഷാപ്രശ്നങ്ങൾ ഉയരുകയോ ചെയ്താൽ ഉടൻ പൊലിസിനെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.